സമൂഹ ഉപനയനവുമായി ശരച്ചന്ദ്രബോസിന്റെ രണ്ടാം ഭാരത പര്യടനം ബ്രഹ്മവിഗ്രഹത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍

കണ്ണൂര്‍/പയ്യന്നൂര്‍: രാജ്യത്ത് സമത്വം പുലരണമെന്ന സന്ദേശവുമായി ഒമ്പതടി ഉയരമുള്ള ബ്രഹ്മവിഗ്രഹത്തെ സാക്ഷിയാക്കി ഇന്ത്യയിലുടനീളം സമൂഹഉപനയനം നടത്തിക്കൊണ്ട് സാമൂഹ്യപ്രവര്‍ത്തകനായ കെ.കെ.ശരച്ചന്ദ്രബോസ് രണ്ടാം ഭാരതയാത്രക്കൊരുങ്ങുന്നു. വടക്കേ മലബാറിലെ പയ്യന്നൂരിനടുത്ത പാടോലി ഗ്രാമത്തിലാണ് ബ്രഹ്മാവിന്റെ അഞ്ഞൂറു കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം തയ്യാറായിക്കൊണ്ടിരിക്കുന്നത്. 2015ലെ ഭാരതയാത്ര മെയ് ഒമ്പതിന് ആരംഭിക്കുമെന്ന് പ്രവാസി അഭിഭാഷകന്‍ കൂടിയായ ശരച്ചന്ദ്രബോസ് അറിയിച്ചു. ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായാണ് പഞ്ചമുഖങ്ങളുള്ള ബ്രഹ്മദേവന്റെ വിഗ്രഹനിര്‍മാണം കാണുന്നതിന് അവസരമൊരുങ്ങുന്നത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളെയാണ് വിഗ്രഹത്തിന്റെ അഞ്ചു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ബ്രഹ്മവിഗ്രഹം നിര്‍മിക്കുന്നതിനായി ശില്‍പികളായ പൂന്തോട്ടത്തില്‍ കെ.പി.ഗോവിന്ദനും കെ.പി. വിനോദിനും ആദ്യഗഡു തുക കൈമാറിയ ബോസ്, പൂണൂലണിയാന്‍ തയ്യാറായി വരുന്ന എല്ലാ ആളുകളേയും ബ്രാഹ്മണരാക്കുന്നതിനുള്ള പൂര്‍വ്വവേദകാല ആചാരങ്ങള്‍ അറിയാവുന്ന പുരോഹിതരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമത്വപ്രചാരണത്തിന്റെ പ്രതീകമായിരിക്കും ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. അയ്യായിരം വര്‍ഷം മുമ്പുള്ള വേദകാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് ബ്രഹ്മാവിന്റെ പഞ്ചമുഖ വിഗ്രഹം നിര്‍മിക്കപ്പെടുന്നതെന്ന് ശരച്ചന്ദ്ര ബോസ് പറഞ്ഞു. ശില്‍പത്തിന്റെ മെഴുകു വിഗ്രഹം പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച പ്രഗത്ഭരായ ശില്‍പികള്‍ പഞ്ചലോഹ വിഗ്രഹ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലേക്കു കടന്നു. 2014 ഡിസംബര്‍ 31നകം ഇന്ത്യയില്‍ നിന്ന് ജാതിസമ്പ്രദായം തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഭാരതസര്‍ക്കാരിനു നല്‍കിയ നോട്ടീസില്‍ നടപടികളൊന്നുമുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ഭാരതയാത്രയ്ക്ക് കെ.കെ.ബോസ് തയ്യാറെടുക്കുന്നത്. തുല്യതയുടെ ചിഹ്നമായ പൂണൂലണിയാന്‍ ആയിരക്കണക്കിനാളുകള്‍ ആഘോഷങ്ങളില്‍ പങ്കുചേരുമെന്നാണ് കരുതുന്നതെന്ന് 63കാരനായ ബോസ് പറഞ്ഞു. മനുഷ്യര്‍ക്കിടയില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസമില്ലെന്നു തെളിയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ബോസ് കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതു മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ആദ്യ ഭാരതയാത്ര സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും താണ്ടി 18,000 കിലോമീറ്റര്‍ സഞ്ചരിച്ച് ന്യൂഡല്‍ഹിയിലാണ് സമാപിച്ചത്. സര്‍ക്കാരിനു നല്‍കിയ നോട്ടീസ് 208 പേജുള്ള പുസ്തകരൂപത്തിലാക്കിയ 'കാസ്റ്റ് എവേ! ഇന്‍ഡ്യ, ഹിന്ദുയിസം ആന്‍ഡ് അണ്‍ടച്ചബിലിറ്റി' 34 വോളന്റിയര്‍മാരുമായുള്ള യാത്രയില്‍ ഉടനീളം പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. ലോകത്തിനുമപ്പുറം മാറ്റമില്ലാത്ത യാഥാര്‍ഥ്യമായ ബ്രഹ്മന്‍ അറിയുന്നവനാണ് ബ്രാഹ്മണന്‍ എന്നര്‍ഥം വരുന്ന 'ബ്രഹ്മജ്ഞാനേ ഇതി ബ്രാഹ്മണ' എന്ന മന്ത്രം മാറ്റൊലിക്കൊള്ളുന്ന ഗാനം റെക്കോഡ് ചെയ്ത് വരുന്ന ഭാരതയാത്രയില്‍ ഉപയോഗിക്കുമെന്ന് ബോസ് വ്യക്തമാക്കി. രാജ്യത്തിന്റെ നെടുകയും കുറുകെയും സഞ്ചരിക്കുന്ന യാത്രയിലുടനീളം ഈ സംഗീതം ഉപയോഗിക്കും. കഴിഞ്ഞവര്‍ഷത്തെ 54 ദിവസം നീണ്ട ഭാരതയാത്രക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം സന്ദര്‍ശിച്ചപ്പോള്‍ ബോസ് തുടക്കമിട്ടിരുന്നു. 2014 മാര്‍ച്ച് ഒമ്പതു മുതല്‍ ഏഴു ദിവസം 31 അംഗ സംഘവുമായി കേരളത്തിലുടനീളം 'ജാതി നിര്‍മാര്‍ജ്ജന ബോധവല്‍ക്കരണ സന്ദേശ യാത്ര'യും ബോസ് ആമുഖമായി സംഘടിപ്പിക്കുകയുണ്ടായി. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ബാര്‍ അസോസിയേഷന്‍ ഡിസംബര്‍ 2014ലെ യോഗത്തില്‍ ഈ പ്രശ്‌നം ഉയര്‍ത്താന്‍ തീരുമാനിച്ചതിലൂടെ, താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ക്ക് കേള്‍വികേട്ട മനുഷ്യസ്‌നേഹിയായ ബോസിന്റെ ജാതി വിരുദ്ധ മുന്നേറ്റങ്ങള്‍ അംഗീകരിക്കപ്പെടുകയുണ്ടായി. കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍, കോണ്‍ട്രാക്ട് നിയമങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള അഭിഭാഷകനായ ബോസ് കഴിഞ്ഞ 36 വര്‍ഷമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുകയും 1980-85 കാലഘട്ടത്തില്‍ മാത്രം പതിനായിരത്തിലേറെ കേസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്റര്‍നാഷണല്‍ ബാര്‍ അസോസിയേഷനില്‍ അംഗമായ അദ്ദേഹം ഇന്റര്‍നാഷണല്‍ ബിസിനസ് ലോയില്‍ വിസിറ്റിംഗ് പ്രൊഫസറും അനവധി പ്രസിദ്ധീകരണങ്ങളില്‍ നിയമപംക്തികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുമാണ്. കുഗ്രാമമെന്നു വിശേഷിപ്പിക്കാവുന്ന മെഴുവേലിയില്‍ ജനിക്കുകയും ചെറുപ്പകാലം ചെലവിടുകയും ചെയ്ത ബോസ് അതിഥി പ്രഭാഷകനായും ദുബായിലെ പ്രമുഖ നിയമ സ്ഥാപനത്തിന്റെ പങ്കാളിയായും നൂറിലേറെ നിയമ സെമിനാറുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. തന്റെ രാജ്യാന്തര ഇടപാടുകാരെ പ്രതിനിധീകരിച്ച് ധാരാളം യാത്രചെയ്തിട്ടുള്ള ഇദ്ദേഹം തട്ടിപ്പും അനീതിയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. നിയമം പ്രാപഞ്ചികമാണെന്നും സാധാരണക്കാരനുപോലും നിയമത്തിലുള്ള അജ്ഞത ഒഴികഴിവല്ലെന്നും, പ്രത്യേകിച്ച് ബിസിനസുകാരന് ബിസിനസ് നിയമങ്ങളെന്നും അദ്ദേഹം പറയുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനിലും കര്‍ണാടക ബാര്‍ കൗണ്‍സിലിലും ബോസ് അംഗമാണ്. ദുബായ് സര്‍ക്കാരിന്റെ ലീഗല്‍ അഫയേഴ്‌സ് വകുപ്പുമായും സഹകരിക്കുന്ന അദ്ദേഹം ഗ്ലോബല്‍ ഡയലോഗ് ഫൗണ്ടേഷന്റെയും ഐക്യരാഷ്ട്ര സഭയുടെ അലിയാന്‍സ് ഓഫ് സിവിലൈസേഷന്റെ കീഴിലുള്ള യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റിയുടെയും അധ്യക്ഷനുമാണ്.
Share
This entry was posted in Social Contribution. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *

59 + = 67